Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം. എന്നാൽ 10 സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കാണ് കൂടുതൽ വിജയസാധ്യതയെന്ന് പാർട്ടി അവകാശപ്പെടുന്നു.
നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും. സീറ്റുകൾ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് നൽകണമെങ്കിൽ പകരം പൂഞ്ഞാർ സീറ്റ് നൽകണമെന്ന നിർദേശം കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
കോട്ടയത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സീറ്റ് വിട്ട് നൽകില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്. കഴിഞ്ഞ തവണ മത്സരിച്ച പത്തു സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ജയ സാധ്യത നോക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തു വർഷമായി ഭരണം നടത്തുന്ന എൽഡിഎഫ് സർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സംസ്ഥാന ബജറ്റ്.
പൊള്ളയായ വാഗ്ദാനങ്ങളും നടപ്പാക്കുവാൻ കഴിയാത്ത നിർദ്ദേശങ്ങളുമാണ് ബജറ്റിലുള്ളതെന്നും പി.ജെ.ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ചെയർമാനെ യോഗം ചുമതലപ്പെടുത്തി.
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. മോൻസ് ജോസഫ് എംഎൽഎ, പി.സി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോതമംഗലം: കേരള കോൺഗ്രസിന്റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസഫിന്റെ പ്രതികരണം. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.
Kerala
തിരുവനന്തപുരം: കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഈ നാല് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ ഈ സീറ്റുകൾ ഉറപ്പായും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അടിയന്തിര യോഗം 31നു രാവിലെ 10ന് കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം അറിയിച്ചു.
Kerala
കോട്ടയം: കേരള കോൺഗ്രസിൽ മുന്നണി മാറ്റം ചർച്ചയായിട്ടില്ലെന്ന് നേതാക്കൾ. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴാണ് നേതാക്കൾ പ്രതികരിച്ചത്.
പാർട്ടിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും ഒരു തരത്തിലുമുള്ള സമ്മർദവുമില്ലെന്നും നിലപാടുകൾ സുദൃഢമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്മാൻ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മുന്നണിമാറ്റം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ ഇല്ലെന്ന് എൻ. ജയരാജ് പറഞ്ഞു. കേരള കോണ്‍ഗ്രസ്എം- എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Kerala
കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ ഇന്ന് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിലെ പ്രിൻസ് ലൂക്കോസ് നഗറിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടിയുടെ ജനപ്രതിനിധികൾക്ക് കൺവൻഷനിൽ സ്വീകരണം നൽകും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കൺവെൻഷനും അനുമോദന സമ്മേളനവും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും.
വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഷെവ. ടി.യു. കുരുവിള, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. തോമസ് ഉണ്ണിയാടൻ, സ്റ്റേറ്റ് കോഓര്‍ഡിനേറ്റർ അപു ജോൺ ജോസഫ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിക്കും.
Kerala
മലപ്പുറം: കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു കൊണ്ടുവരാനായി തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗികമായി ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. അർധസമ്മതംകൊണ്ട് ഒന്നും നടക്കില്ല. ഫോർമുല വച്ചുള്ള ചർച്ച ആരുമായും നടന്നിട്ടില്ല. തദ്ദേശ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തെ തുടർന്ന് യുഡിഎഫാണ് ഇനിയെന്ന ചിന്ത നിലനിൽക്കുന്നുണ്ട്.
അതേസമയം പല പാർട്ടികളും യുഡിഎഫിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ കക്ഷികൾ വരുന്ന ട്രെൻഡുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്ന ആരുമായും യോജിക്കാമെന്നത് താൻ വിശാലാർഥത്തിൽ പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Kerala
ചെങ്ങന്നൂർ: അന്തരിച്ച കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടത്തിന്റെ (80) സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ചെങ്ങന്നൂർ കല്ലിശേരിയിലെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം 2.30ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ഡോ. മാത്യൂസ് മാർ തിമോത്തിയോസു മുഖ്യകാർമികത്വം വഹിക്കും.
കെഎസ്സിയുടെ സ്ഥാപക നേതാവായ തോമസ് കുതിരവട്ടം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1980ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും കേരള നിയമസഭയിലേക്കെത്താനായില്ല. 1984 മുതൽ 1991 വരെ കേരള കോൺഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു.
1964ൽ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചതിന് പിന്നാലെ തോമസ് കുതിരവട്ടം ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ചേർന്ന യോഗത്തിലാണ് കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് രൂപീകരിക്കുന്നത്.
മകൻ ജോണി കുതിരവട്ടം കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ അംഗമാണ്. 2024 ഒക്ടോബറിൽ ചങ്ങനാശേരിയിൽ നടന്ന കെഎസ്സി സ്ഥാപക നേതാക്കളുടെ സംഗമത്തിലാണ് ഒടുവിലായി പങ്കെടുത്തത്.
District News
എടത്വ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുട്ടനാട്ടില്‍ ശക്തമായ രാഷ്ട്രീയ നീക്കം നടത്തി കേരളകോണ്‍ഗ്രസ് രംഗത്ത്. രാമങ്കരി വേഴപ്രയില് വിവിധ രാഷ്ട്രിയ പാര്‍ട്ടികളില്‍ നിന്നായി അന്‍പതോളം പേരാണ് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് വേഴപ്രയില് നടന്ന യോഗത്തില്‍ കേരളകോണ്‍ഗ്രസ് അംഗത്വം എടുത്തത്.
കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലേക്ക് എത്തിയ പുതിയ അംഗങ്ങളെ ഷാളണിയിച്ച് അദ്ദേഹം സ്വീകരിച്ചു. കുട്ടനാട്ടിലും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നിരവധി പേര് ഇനിയും കേരള കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് റെജി ചെറിയാന് അവകാശപ്പെട്ടു.
കുട്ടനാട്ടിലെ വികസന മുരടിപ്പും, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാത്ത എംഎല്‍എ അടക്കമുള്ള രാഷ്ട്രീയ നേതൃത്വവുമാണ് ഇത്തരം രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസുകുട്ടി ജോസ്, ജോബിള്‍ പെരുമാള്‍, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അരുണ്‍ ഫിലിപ്പ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ലൗലേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ലിബിമോള്‍ വര്‍ഗീസ്, ലിസമ്മ സ്കറിയ, സിബി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുന്നതിനെപ്പറ്റി ആരും പറഞ്ഞിരുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യുന്നതിനോടു കേരള കോണ്‍ഗ്രസിന് എതിര്‍പ്പില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുന്നില്ല. നല്ല നിര്‍ദേശങ്ങള്‍ ഉയര്‍ന്നാല്‍ ചര്‍ച്ച ചെയ്യാം. ആരെങ്കിലും മുന്നണിയിലേക്കു വരാന്‍ സൂചന നല്കിയാല് ചര്‍ച്ച നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
മുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വരികയാണെങ്കില്‍ ഞങ്ങളുമായി ചര്‍ച്ച നടത്തും. നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
"ഞാനോ പ്രമോദ് നാരായണനോ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലത്തെ ഉപവാസ സമരത്തില്‍ ഞങ്ങളെല്ലാവരും പങ്കെടുത്തല്ലോ. മധ്യമേഖലാ ജാഥയില്‍ ഇല്ലെന്ന് എന്തിനു പറയണം. ചെയര്മാന് തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവും ചെയര്മാന് നല്‍കിയതാണ്'-റോഷി അഗസ്റ്റിന് പറഞ്ഞു.
സഭയും മേലധ്യക്ഷന്മാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ല. ജെ.ബി. കോശി കമ്മീഷന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ച് വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
എല്ലാദിവസവും ചെയര്‍മാനുമായി സംസാരിക്കുന്നുണ്ടെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും റോഷി അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമായിരിക്കും ചെയർമാൻ പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടകൾ. എന്നാല്‍ ഈ വിഷയത്തില്‍ ജോസ് കെ. മാണി ഇനിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, കക്ഷിയിലെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന് എൽഡിഎഫിനൊപ്പം തുടരുമെന്നാണ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തെ മുസ്ലിം ലീഗും പിന്തുണയ്ക്കുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചു ജോസ് കെ. മാണി നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അതാണ് ഒൗദ്യോഗിക പ്രതികരണമെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്.
മധ്യ തിരുവിതാംകൂർ, തൃശൂര്‍, മലബാര്‍ മേഖലകളിലെ 46 അസംബ്ലി സീറ്റുകളില്‍ ക്രിസ്ത്യന്‍ വോട്ട് ബേസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖല ജാഥ ജോസ് കെ.മാണി നയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഈ ജാഥയ്ക്കു ജോസ് കെ. മാണി നേതൃത്വം നൽകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായ സമയത്ത്, മന്ത്രി റോഷി അഗസ്റ്റിന്, എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന് തുടങ്ങിയവര്‍ എല്‍ഡിഎഫ് വിട്ടുപോകുന്നതിനോടു യോജിച്ചില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷം മുന്നണിമാറ്റം ഉണ്ടോ ഇല്ലെയോ എന്നതിൽ വ്യക്തമായ പ്രതികരണം നേതാക്കൾ നടത്തുമെന്നാണ് കരുതുന്നത്.
District News
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐക്യജനാധിപത്യമുന്നണി ഉഭയകക്ഷിചർച്ചകൾ ആരംഭിക്കുന്നതിനുമുന്പ് കേരള കോണ്‍ഗ്രസ് പാർട്ടി മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് നിർഭാഗ്യകരമാണെന്നു കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും സംസ്ഥാന ഉന്നതാധികാരസമിതി അംഗവുമായ സി.വി. കുരിയാക്കോസ് അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസ് ചീഫ് കോഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് മുന്നണിവിപുലീകരണവുമായി ബന്ധപ്പെട്ടുനടത്തിയ അഭിപ്രായത്തെ ഇകഴ്ത്തുന്ന രീതിയിൽ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് അനിൽ ബോസിന്റെ നടപടി തീർത്തും അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യജനാധിപത്യമുന്നണിയുടെ ഐക്യവും കൂട്ടായ്മയും ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി മുന്നണി ചെയർമാനും പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കു വിഘാതമാകുന്ന ഇത്തരം പ്രസ്താവനകൾ ഒഴിവാക്കാൻ കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി തയാറാകണമെന്നും ആവശ്യപ്പെട്ടു.
Kerala
ചെങ്ങന്നൂർ: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം(80) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. കെഎസ്സിയുടെ സ്ഥാപക നേതാവാണ്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1980ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും കേരള നിയമസഭയിലേക്കെത്താനായില്ല. 1984 മുതൽ 1991 വരെ കേരള കോൺഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു.
1964ൽ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചതിന് പിന്നാലെ തോമസ് കുതിരവട്ടം ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ചേർന്ന യോഗത്തിലാണ് കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് രൂപീകരിക്കുന്നത്.
മകൻ ജോണി കുതിരവട്ടം കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ അംഗമാണ്. 2024 ഒക്ടോബറിൽ ചങ്ങനാശേരിയിൽ നടന്ന കെഎസ്സി സ്ഥാപക നേതാക്കളുടെ സംഗമത്തിലാണ് ഒടുവിലായി പങ്കെടുത്തത്. സംസ്കാരം പിന്നീട് നടക്കും.
District News
എടത്വ: കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വ്യക്തിപരമായി നടത്തുന്ന പരാമര്‍ശങ്ങളും പ്രസ്താവനകളും അടിയന്തരമായി നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് യോഗം പ്രമേയം പാസാക്കി.
ജില്ലയിലെ പാര്‍ട്ടിക്കുള്ള ഏക സീറ്റായ കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും യോഗത്തില്‍ ധാരണയായി. കുട്ടനാട് നിയോജകമണ്ഡലത്തില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള സ്വീകരണവും യോഗത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികളായ മെംബര്‍മാരെ സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് ഹാരമണിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റും ഉന്നതാധികാര സമിതി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
District News
എടത്വ: നെല്ല് സംഭരണം സഹകരണ സംഘങ്ങളില്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്. കര്‍ഷകരെയും സഹകരണ സംഘങ്ങളെയും ഒരു പോലെ നശിപ്പിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക സംഘങ്ങളും അടച്ചുപൂട്ടല്‍ വക്കിലാണ്.
സംഘത്തിന് മേല്‍ സംഭരണം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ച് സപ്ലൈകോ വഴി സംഭരിക്കുകയും നെല്ല് പണം സമയബന്ധിതമായി കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് എടത്വ മണ്ഡലം പ്രവര്‍ത്തക സംഗമം സംസ്ഥന ഉന്നതാധികാര സമതി അംഗം റോയ് ഊരാംവേലില് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. റ്റെഡി സെക്കറിയ, ബൈജു നെറ്റിത്തറ, ജയിന് മാത്യു വരമ്പത്ത്, എടത്വ പഞ്ചായത്ത് അംഗം ജി. ജയചന്ദ്രന്, രേഷ്മ ജോണ്സണ്, ജയമ്മ ബൈജു, ജോജോ ചേന്ദങ്കര, ജോര്‍ജുകുട്ടി ജോസഫ്, അലക്സ് ചിറവാലയില്, ജി.കെ പാര്ത്ഥന്, ജിസ് അമ്പിയാത്ത്, അപ്പച്ചന്‍കുട്ടി പുത്തന്‍പറമ്പ്, മോന്‍സി എലിപ്പള്ളി, സണ്ണി പാലേച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: പിണറായി വിജയന്റെ അഴിമതിക്കും തെറ്റായ നയങ്ങള്‍ക്കും പിന്തുണ നല്കാന് സിപിഐക്ക് കഴിയില്ലെന്നും സിപിഎം നേതൃത്വം നല്കുന്ന മുന്നണിയില്‍ തുടരാന്‍ സിപിഐക്ക് സാധ്യമല്ലെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
സത്യത്തിനും നീതിക്കും വേണ്ടി സിപിഐ നിലകൊള്ളുമെന്ന് ജനങ്ങള്‍ക്കു വിശ്വാസമുണ്ട്.
കൈക്കൂലിക്കും സ്വജനപക്ഷ പാതത്തിനും സ്വര്‍ണക്കൊള്ളയ്ക്കും പിന്തുണ നല്കാന് സിപിഐ തയാറാകരുതെന്നും തോമസ് പറഞ്ഞു.
Kerala
കടുത്തുരുത്തി: മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില്‍ പി.എം. മാത്യു (75) അന്തരിച്ചു. മൂന്നാഴ്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകുന്നേരം അഞ്ചിനു കടുത്തുരുത്തി അരുണാശേരിയിലെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം നാളെ (ബുധന്‍) മൂന്നിനു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍.
1991-96 കാലത്ത് കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്കു മാറി. എക്സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍, കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോ. പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപ്പുർ).
Kerala
കോട്ടയം: യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ പോര്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കു വരേണ്ടെന്നും മുന്നണിയില്‍ ചേര്‍ക്കരുതെന്നും പി.ജെ. ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കിയപ്പോൾ യുഡിഎഫിലേക്കു വിളിച്ചാലും വരില്ലെന്നും വരാന്‍ ഒരു ശതമാനവും താത്പര്യമില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മതിമറക്കാനുള്ള വിജയം യുഡിഎഫിനില്ലെന്നും എല്‍ഡിഎഫ് വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി ഇന്നലെ വ്യക്തമാക്കി.
അതേസമയം, യുഡിഫില്‍ തനിച്ചു നിന്ന് ജയിക്കാമെന്നു തെളിയിച്ചുവെന്നും ജോസഫ് വിഭാഗത്തിനും കോട്ടയം ജില്ലയില്‍ അടിത്തറയുണ്ടെന്നു ജനവിധി തെളിയിച്ചതായും മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ യുഡിഎഫുണ്ടാക്കിയ നേട്ടം മറച്ചുവയ്ക്കാന്‍ ആര്‍ക്കുമാകില്ലെന്നും മോന്‍സ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ്് നേതാക്കള്‍ക്കും താത്പര്യമുണ്ട്. മധ്യകേരളത്തില്‍ പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താന്‍ കേരള കോൺഗ്രസ് എമ്മിനെ കൂടെനിർത്തണമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും അഭിപ്രായപ്പെട്ടത്.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിച്ച് മുന്നണി ശക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താത്പര്യപ്പെടുന്നു.
Kerala
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യുഡിഎഫ് സെമി ഫൈനല്‍ കടന്നതായും ഫൈനലില്‍ വന്‍ വിജയം കൊയ്യുമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതോടെ വിജയം തൂത്തുവാരുകയായിരുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. ഈ കേസില്‍ ഇനിയും കൂടുതല്‍ പേര് അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി. തോമസ് ആണ് കുഴഞ്ഞുവീണ് മരിച്ചത്.
പള്ളിക്കത്തോടിൽ കോൺഗ്രസും, കേരള കോൺഗ്രസ്-എമ്മും തമ്മിലാണ് സംഘർഷം ഉണ്ടായത്. ജോൺ പി. തോമസിന്റെ സഹോദരൻ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഇതുകണ്ട് പിടിച്ചുമാറ്റാനെത്തിയതായിരുന്നു ജോൺ.
ജോൺ പി. തോമസിന്റെ സഹോദരൻ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോൺ പി. തോമസ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
കൊഴിക്കോട്: തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശ നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് ഒരു മാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. വൈകീട്ട് ആറ് വരെയായിരുന്നു പരസ്യപ്രചാരണം.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിലെ വോട്ടെടുപ്പ്. മൂന്നു മുന്നണികളും ഒരേ ആവേശത്തോടെ പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ കളത്തിലിറങ്ങിയതോടെ വടക്കൻ ജില്ലകളിലെ കൊട്ടിക്കലാശം ഗംഭീരമായി.
കൊട്ടിക്കലാശം നടന്ന സ്ഥലങ്ങളിലെല്ലാം മുന്നണികളുടെ പ്രവർത്തകർ ആവേശത്തോടെയാണ് എത്തിയത്. സ്ഥാനാർഥികൾ കൂടി പ്രവർത്തകരോടൊപ്പം ചേർന്നതോടെ ആവേശം ഇരട്ടിയായി. തൃകോണ പോരാട്ടം നടക്കുന്ന തൃശൂർ കൊർപ്പറേഷൻ, പാലക്കാട് നഗരസഭ എന്നിവിടിങ്ങളെല്ലാം കൊട്ടിക്കലാശം കളറായി.
പൊതുവെ സമാധാനപരമായിരുന്നു കൊട്ടിക്കലാശമെങ്കിലും മലപ്പുറത്തും വടകരയിലും സംഘർഷമുണ്ടായി. എന്നാൽ പോലീസ് ഇടപെട്ടതോടെ ഇവിടങ്ങളിലെല്ലാം സ്ഥിതി ശാന്തമായി.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
കൽപ്പറ്റ: മലയോരജില്ലയായ വയനാട്ടിൽ ശൈത്യം ആരംഭിച്ചെങ്കിലും ചൂടുപിടിച്ച പ്രചാരണ പോരാട്ടമാണു മുന്നണികൾ നടത്തുന്നത്. സാധാരണ നവംബർ പകുതിയോടെ എത്താറുള്ള കനത്ത തണുപ്പ് ഇത്തവണ വൈകിയാണെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു തണുപ്പും മഴയും ഉച്ചവെയിലും തടസമല്ലെന്ന് സ്ഥാനാർഥി പ്രചാരണങ്ങൾ തെളിയിക്കുന്നുണ്ട്.
പിന്നാക്ക ജില്ലയായ വയനാട് അഭിമുഖീകരിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ചുരം ബദൽ പാതയും റെയിൽ ഗതാഗതവും തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. സംസ്ഥാന സർക്കാർ നേരിടുന്ന ശബരിമല സ്വർണമോഷണംപോലും വയനാടൻ വോട്ടർമാർ കണക്കിലെടുത്ത മട്ടില്ല. പഞ്ചായത്തിലെയും ജില്ലയിലെയും വികസനവും സ്ഥാനാർഥികളുടെ കഴിവുമാണ് തങ്ങളുടെ മെംബർമാരെ തെരഞ്ഞെടുക്കുന്നതിന് വോട്ടർമാർ നിശ്ചയിച്ച മാനദണ്ഡം.
യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് വയനാട്. തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് വയനാടിനുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്പോൾ നില മെച്ചപ്പെടുത്തുകയെന്നതാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലെല്ലാം വാർഡുകളുടെ എണ്ണത്തിലുണ്ടായ വർധന തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണു മുന്നണികൾ.
യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ ഇടത്, വലത് മുന്നണികൾ എട്ടു വീതം സീറ്റ് നേടി സമദൂരം പാലിച്ചു. ഇക്കാരണത്താൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെയാണു തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്.
യുഡിഎഫിന് എക്കാലവും അനുകൂലമായി നിൽക്കുന്ന ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് ഞെട്ടിക്കുന്ന മുന്നേറ്റമാണു നടത്തിയത്. യുഡിഎഫിന്റെ കുത്തക ഡിവിഷനുകളായ വെള്ളമുണ്ട, മേപ്പാടി, പനമരം എന്നിവിടങ്ങളിലെ അപ്രതീക്ഷിത ജയമാണ് അവർക്ക് അന്നു കരുത്തായത്. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുള്ള പണിപ്പുരയിലാണ് യുഡിഎഫ്. ഇതിനു തടയിട്ട് ഭരണം പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് എൽഡിഎഫുമുള്ളത്.
യുഡിഎഫിൽ കോണ്‍ഗ്രസ് 11 സീറ്റിലും മുസ്ലിം ലീഗ് ആറു സീറ്റിലുമാണ് മത്സരിക്കുന്നത്. എൽഡിഎഫിലാകട്ടെ സിപിഎം 12 സീറ്റിലും സിപിഐ, ആർജെഡി എന്നിവ രണ്ടു സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരരംഗത്ത്. എൻഡിഎയിൽ ബിജെപിയാണ് 17 സീറ്റിലും മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 58 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാലു ബ്ലോക്ക് പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളും 23 ഗ്രാമപഞ്ചായത്തുകളുമാണ് വയനാട് ജില്ലയിൽ. കഴിഞ്ഞതവണ ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ കൽപ്പറ്റ, പനമരം ബ്ലോക്കുകൾ യുഡിഎഫിനും മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകൾ എൽഡിഎഫിനുമായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ മാനന്തവാടി യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 59 ബ്ലോക്ക് ഡിവിഷനുകളാണ് ജില്ലയിൽ.
മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണ യുഡിഎഫിനായിരുന്നു മുൻതൂക്കം. വയനാട്ടിൽ മൂന്നു മുനിസിപ്പാലിറ്റികളിലും ഭരണം ഇല്ലാതിരുന്ന യുഡിഎഫ്, എൽഡിഎഫിൽനിന്ന് രണ്ടു നഗരസഭകളാണു കഴിഞ്ഞതവണ പിടിച്ചെടുത്തത്. കൽപ്പറ്റയിലും മാനന്തവാടിയിലും ഭരണം പിടിച്ച യുഡിഎഫിന് സുൽത്താൻ ബത്തേരിയിൽ മുന്നേറ്റം നടത്താൻ സാധിച്ചില്ല. 103 മുനിസിപ്പൽ ഡിവിഷനുകളാണ് ജില്ലയിൽ. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മുനിസിപ്പൽ കൗണ്സിലുകളിലേക്ക് ആകെ 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിൽ 115, സുൽത്താൻ ബത്തേരിയിൽ 113, കൽപ്പറ്റയിൽ 91 എന്നിങ്ങനെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
23 ഗ്രാമപഞ്ചായത്തുകളുള്ള വയനാട്ടിൽ വാർഡുകൾ 450 ആയി വർധിച്ചിട്ടുണ്ട്. 16 ഗ്രാമപഞ്ചായത്തിലും കഴിഞ്ഞതവണ യുഡിഎഫ് ആയിരുന്നു ഭരണം നടത്തിയത്. ഏഴിടങ്ങളിലാണ് എൽഡിഎഫിനു ഭരിക്കാനായത്. എൽഡിഎഫിന്റെ കുത്തക പഞ്ചായത്തുകളടക്കം പിടിച്ചെടുത്തായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് തേരോട്ടം നടത്തിയത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേതന്നെ ചില ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സ്ഥാനാർഥിനിർണയത്തോടെ ചില നേതാക്കൾ പാർട്ടി മാറിയതും നിരവധി റിബൽ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടതും മുന്നണികൾക്കു തിരിച്ചടിയായി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിസാര വോട്ടുകൾക്കാണെന്നതാണ് മുന്നണി സ്ഥാനാർഥികൾ റിബലുകളെ ഭയപ്പെടാൻ കാരണം.
വോട്ടർമാർ പോളിംഗ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്. സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കാണാനും വോട്ടുറപ്പിക്കാനുമുള്ള തിരക്കിലാണ്. വോട്ടർമാർ ആരെ കൊള്ളും ആരെ തള്ളും എന്നറിയാൻ തെരഞ്ഞെടുപ്പുഫലം വരുന്ന 13 വരെ കാത്തിരുന്നേ മതിയാകൂ.
Kerala
കോഴിക്കോട്: എന്നും ചുവപ്പിനൊപ്പം നിന്ന ചരിത്രമാണു സാമൂതിരിയുടെ നാടിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്തോട്ട് ചാഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വലത്തോട്ട് ചാഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത്തോട്ട് ചായുന്ന ചരിത്രമാണു കോഴിക്കോടിനുള്ളത്. രണ്ട് ലോക്സഭാ മണ്ഡലവും 13 നിയമസഭാ മണ്ഡലവുമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല.
വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും ഓരോ സീറ്റുകള്‍ മാത്രമാണു നേരിയ ആശ്വാസം. സമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെയും അവസ്ഥ. ജില്ലയില്‍ ഇടത് ആധിപത്യം തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കച്ചമുറുക്കി ബിജെപിയും രംഗത്തുണ്ട്. സംവിധായകന് വി.എം. വിനുവിനെ മേയര്‍സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ ശ്രമിച്ച് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാൽ അവസാന നിമിഷം തള്ളിപ്പോയ നാണക്കേട് യുഡിഎഫിന് കോര്‍പറേഷനില്‍ ഉണ്ട്.
ചുവപ്പ് വിടാതെ...
കോര്പറേഷന് രൂപവത്കരിച്ചതു മുതല്‍ ഇടതുചായ്വാണ്. ആകെയുള്ള 75 കോര്പറേഷന് വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ ഇപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 76 ആയി. 2010-ല്‍ യുഡിഎഫിന് കോര്‍പറേഷനില്‍ 34 സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്കു കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. 2020-ൽ സ്ഥിതി വീണ്ടും മാറിമറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്കു ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴു സീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മേയര്സ്ഥാനമെങ്കില് ഇത്തവണ ജനറലിലേക്ക് മാറി.
ജില്ലാ പഞ്ചായത്ത്
തുടര്‍ച്ചയായ 35-ാം വര്‍ഷവും കോഴിക്കോട് ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. 2015-ല്‍ 27-ല്‍ 16 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചിരുന്നതെങ്കില്‍ എല്‍ജെഡി ഇടതിനൊപ്പമെത്തിയതോടെ സീറ്റുകള്‍ 18 ആയി. അതേ നിലയാണ് 2020-ലും ഉണ്ടായിരുന്നത്. എല്‍ഡിഎഫ്- 18, യുഡിഎഫ്- 9. നേരത്തേ 27 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിനുശേഷം 28 സീറ്റായി.
ത്രിശങ്കുവിലായി മുക്കം
ഇടതുതേരോട്ടത്തിനിടയിലും കഴിഞ്ഞ തവണ യുഡിഎഫിന് ഏക ആശ്വാസം നല്‍കിയത് ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലെണ്ണത്തിലുള്ള മുന്നേറ്റമായിരുന്നു. ഫറോക്ക്(യുഡിഎഫ്-20, എല്‍ഡിഎഫ്-17, എന്‍ഡിഎ-1), പയ്യോളി (യുഡിഎഫ്-21, എല്‍ഡിഎഫ്-14, എന്‍ഡിഎ-1), കൊടുവള്ളി( യുഡിഎഫ്-21, എല്‍ഡിഎഫ്-5, മറ്റുള്ളവര്‍-10 ), രാമനാട്ടുകര (യുഡിഎഫ്-17, എല്‍ഡിഎഫ്-12, മറ്റുള്ളവര്‍-2) തുടങ്ങിയ നഗരസഭകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കൊയിലാണ്ടി (യുഡിഎഫ്-16, എല്‍ഡിഎഫ് -25, എന്‍ഡിഎ-3), വടകര (യുഡിഎഫ്-16, എല്‍ഡിഎഫ്-27, എന്‍ഡിഎ-3, മറ്റുള്ളവര്‍-1), മുക്കം(യുഡിഎഫ്-11, എല്‍ഡിഎഫ്-12, എന്‍ഡിഎ-1, മറ്റുള്ളവര്‍-9) എന്നീ നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഇതില്‍ ത്രിശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിയത്.
മേല്‍ക്കൈ നിലനിര്‍ത്തി ഇടതുമുന്നണി
കഴിഞ്ഞ തവണ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്കു സാധിച്ചപ്പോള്‍ യുഡിഎഫിനു നില മെച്ചപ്പെടുത്താനായി. എന്‍ഡിഎ മുന്നണിക്ക് എവിടെയും കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ആര്‍എംപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണകള്‍ ചിലകേന്ദ്രങ്ങളില്‍ യുഡിഎഫിനു നേട്ടമാവുകയും ചെയ്തു. മൊത്തമുള്ള എഴുപത് പഞ്ചായത്തുകളില്‍ 43 ഇടത്താണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് 27 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞതവണ മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്.
എല്‍ഡിഎഫ്
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 10 ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ, 42 പഞ്ചായത്തുകൾ.
യുഡിഎഫ്
നാല് നഗരസഭ,
28 പഞ്ചായത്ത്,
രണ്ട് ബ്ലോക്ക് പഞ്ചായത്ത്.
എന്‍ഡിഎ
കോർപറേഷനിൽ
ഏഴ് വാര്‍ഡുകള്‍.
Kerala
തൃശൂര്‍: പൂരത്തിന്റെ വെടിക്കെട്ടുപോലെയാണ് തൃശൂരിനു തെരഞ്ഞെടുപ്പ്. കൂട്ടത്തോടെ എട്ടുനിലയില്‍ പൊട്ടിക്കാനും എടുത്തുയര്‍ത്താനും തട്ടകക്കാര്‍ക്കു മടിയില്ല. നിയമസഭയില്‍ യുഡിഎഫിനെ തറപറ്റിച്ചപ്പോള്‍, പാര്‍ലമെന്റില്‍ എല്‍ഡിഎഫിനെ നിലംപരിശാക്കി. ഒറ്റയാനായി എത്തിയ സുരേഷ് ഗോപിയെ പട്ടും വളയുമിട്ട് വാഴിച്ചു! പുറത്തെ മേളങ്ങള്ക്കപ്പുറം അടിയൊഴുക്കും പൂരപ്പറമ്പിലെ ജനക്കൂട്ടംപോലെ. അടുത്തനിമിഷം എങ്ങോട്ടു തിരിയുമെന്ന് ആര്‍ക്കുമറിയില്ല!
യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലുണ്ടായ ആധിപത്യം ഒഴിച്ചാല്‍ ജില്ലയില്‍ മുന്നേറ്റം ഇടതിനാണ്. രണ്ടു തദ്ദേ ശതെരഞ്ഞെടുപ്പുകളും എല്‍ഡിഎഫ് എടുത്തു. 2021ല്‍ 14 നിയമസഭാ മണ്ഡലങ്ങളില്‍ 13 ഇടത്തും വിജയിച്ചു. രണ്ടു ടേമുകളായി ജില്ലാ പഞ്ചായത്തും കോര്‍പറേഷനും എല്‍ഡിഎഫിന്റെ കൈകളിലാണ്. ഏഴു നഗരസഭകളില്‍ അഞ്ചെണ്ണവും 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 എണ്ണവും 86 പഞ്ചായത്തുകളില്‍ 69 എണ്ണവും മുന്നണിക്കൊപ്പം.
ഘടകകക്ഷികളുമായുള്ള ചില്ലറ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ ഇക്കുറി കാര്യമായ പ്രശ്നങ്ങളില്ലാതെ എല്‍ഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയാക്കി. ജനറല്‍ സീറ്റുകളില്‍ ആവശ്യമുന്നയിച്ചു കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ രംഗത്തുവന്നെങ്കിലും ജില്ലാ പ്രസിഡന്റ് തന്നെ അനുനയിപ്പിച്ചു പിന്‍വലിപ്പിച്ചു. വിവാദങ്ങള്‍ക്കു വീടുവീടാന്തരം മറുപടി നല്കി എണ്ണയിട്ട യന്ത്രംപോലെയാണ് മുന്നണി പ്രവര്‍ത്തനം. ഒഴിവു വേളകളില്‍ മന്ത്രിമാരും ഒപ്പമുണ്ട്. വിവാദങ്ങള്‍ തൊടാതെ വികസനമാണ് ചര്‍ച്ചയാക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും ഇന്നു ജില്ലയില്‍ പ്രചാരണത്തിനെത്തും.
തൃശൂര്‍ കോര്പറേഷന് സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ്, മാലിന്യരഹിത ജില്ല, കേന്ദ്രസര്‍ക്കാരിന്റെ വൃത്തിയുള്ള നഗരം പുരസ്കാരങ്ങള്‍ നേടിയതും റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അതിദാരിദ്ര്യമുക്ത പ്രഖ്യാപനങ്ങളും പട്ടയവിതരണവും അടിത്തട്ടില്‍ ചര്‍ച്ചയാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഊന്നിയുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണവും കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ക്രമക്കേടുകളും നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തലും പ്രതികൂല സാഹചര്യങ്ങളാണ്. മുന്‍തൂക്കമില്ലാത്ത മണ്ഡലങ്ങളില്‍ അരിവാള്‍ ചുറ്റിക ചിഹ്നം ഒഴിവാക്കി സ്വതന്ത്രരെന്ന നിലയിലാണ് പലരെയും മത്സരിപ്പിക്കുന്നത്.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ തൃശൂരില്‍ ഒരു പതിറ്റാണ്ടായി പ്രധാന കേന്ദ്രങ്ങളില്‍ ഭരണമില്ല എന്നതിനാല്‍ ഇക്കുറി അവർക്കു ജീവന്മരണ പോരാട്ടമാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടായ പ്രതിസന്ധികള്‍ അകത്തളങ്ങളില്‍ തുടരുന്നു. കഴിഞ്ഞവട്ടം ജില്ലാ പഞ്ചായത്തില്‍ അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഒരാളെ മാത്രമാണ് ജയിപ്പിക്കാന്‍ കഴിഞ്ഞത്.
കോര്‍പറേഷനില്‍ 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, യുഡിഎഫ് വിമതനായി മത്സരിച്ച എം.കെ. വര്‍ഗീസിനെ മേയറാക്കി എല്‍ഡിഎഫ് അധികാരം പിടിച്ചു.കോര്പറേഷന് പിടിക്കുക നിര്‍ണായകമെങ്കിലും ഉറച്ച മൂന്നു സീറ്റുകളില്‍ വിമതരുണ്ട്. സീറ്റ് പ്രതീക്ഷിച്ച ജില്ലാ നേതാക്കള്‍ രാജിവച്ച് പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നു.
സംസ്ഥാന നേതാക്കള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിനു പോകുന്നെന്ന പരാതിയുണ്ട്. സംസ്ഥാന തലത്തില്‍ ഉണ്ടായ വിവാദങ്ങളിലും ബാങ്ക് അഴിമതികളിലും ആശങ്കയുണ്ട്. എന്നാല്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ കെ.എസ്. ശബരീനാഥനെ ഇറക്കിയതുപോലെ അടാട്ട് പഞ്ചായത്തില്‍ അനില്‍ അക്കരയെ മത്സരത്തിനിറക്കിയത് തെരഞ്ഞെടുപ്പ് അതീവഗൗരവത്തോടെയാണ് കാണുന്നത് എന്നു വ്യക്തമാക്കുന്നു. ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും അടിത്തട്ടില്‍ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു.
കോര്പറേഷന് വാര്‍ഡുകളിലും അവിണിശേരി പഞ്ചായത്തിലും അധികാരം പിടിച്ച ബിജെപി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പടുകൂറ്റന്‍ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തൃശൂരില്‍നിന്ന് ബിജെപിക്ക് എംപിയെ ലഭിച്ചു. കെ. കരുണാകരന്റെ തട്ടകത്തില്‍ മകന് കെ. മുരളീധരനെയാണ് സുരേഷ് ഗോപി തറപറ്റിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മകൾ പദ്മജ വേണുഗോപാലിനെ പാളയത്തില്‍ എത്തിക്കാനും കഴിഞ്ഞു. വികസനപ്രതീക്ഷകളും ചിട്ടയായ പ്രവര്‍ത്തനവുമാണ് ബിജെപിക്കു മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം സമ്മാനിച്ചത്. പരമ്പരാഗത ന്യൂനപക്ഷ വോട്ടുകളും ലഭിച്ചെന്ന് അവർ അവകാശപ്പെടുന്നു.
ഇതിനുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിലും കേന്ദ്ര പദ്ധതികളില്‍ ഊന്നിയാണ് എന്‍ഡിഎ പ്രചാരണം. കോര്പറേഷന് പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും മേയർ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ഡോ.വി. ആതിരയെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നു.
കോര്‍പറേഷനില്‍ തിളങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കു സീറ്റ് നല്‍കിയിട്ടുമില്ല. പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം സുരേഷ് ഗോപി കാഴ്ചവയ്ക്കുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞവട്ടം ഒരു സീറ്റിന് നഷ്ടമായ കൊടുങ്ങല്ലൂര്‍ നഗരസഭാ ഭരണവും ഏതാനും പഞ്ചായത്തുകളും പിടിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. നടി ഖുശ്ബു അടക്കമുള്ളവര്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
Kerala
മെട്രോ നഗരത്തിലെ ഓട്ടപ്പാച്ചിലും ഗോത്രവിഭാഗത്തിനായി വനത്തിനുള്ളിൽ പോളിംഗ് ബൂത്തും. എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു കാഴ്ചകളിൽ വൈവിധ്യങ്ങൾ ഏറെയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടിനും നഗരത്തിനും ഒരേ താളം, ഒരേ വേഗം.
വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്താൻ അഞ്ചു ദിനം ശേഷിക്കേ, ആഘോഷിക്കപ്പെടുന്ന പ്രചാരണങ്ങൾ കുറവെങ്കിലും വോട്ടർമാരെ നേരിട്ടു കണ്ടുള്ള വോട്ടഭ്യർഥനകൾക്കു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഒട്ടും പിന്നിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണെന്നിരിക്കെ, സൂക്ഷ്മതയോടെ കിട്ടാവുന്ന വോട്ടെണ്ണി, കണക്കുകൂട്ടി, അടിയൊഴുക്കുകൾ അറിഞ്ഞ്, കരുക്കൾ നീക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. മൂന്നു മുന്നണികളുടെയും സംസ്ഥാന, കേന്ദ്ര നേതാക്കൾ എറണാകുളത്തെത്തി പ്രചാരണത്തിൽ പങ്കാളികളായി. വരുംദിനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്തുന്നതോടെ പോരാട്ടം മുറുകും.
കോർപറേഷൻ ആരു പിടിക്കും?
കൊച്ചി കോർപറേഷൻ ഭരണം ആർക്കെന്ന ചോദ്യം എറണാകുളം ജില്ലാ അതിർത്തി കടന്നുമുള്ള തെരഞ്ഞെടുപ്പു ചർച്ചകളിൽ മുഖ്യവിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷം മികച്ച നഗരഭരണമെന്ന പ്രചാരണത്തിന്റെ തോണിയിലേറിയാണ് എൽഡിഎഫ് ഇക്കുറിയും കൊച്ചിയിലെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. ഭരണത്തുടർച്ചയ്ക്കായി ചിട്ടയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇടതുനേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ട വിമതശല്യമൊഴിച്ചാൽ എൽഡിഎഫിൽ സ്ഥിതി ശാന്തമാണ്.
കഴിഞ്ഞ വർഷം കൈവിട്ട കോർപറേഷൻ ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ, എറണാകുളം തങ്ങളുടെ കോട്ടയെന്ന പെരുമയ്ക്കാണു പരിക്കേൽക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അടിവരയിട്ടു പഠിച്ചുകഴിഞ്ഞു. ഘടകകക്ഷികളുമായുള്ള അഭിപ്രായസമന്വയവും മികച്ച സ്ഥാനാർഥിപ്പട്ടികയും മുൻനിർത്തി യുഡിഎഫ് പ്രചാരണത്തിൽ മുന്നേറുന്നുണ്ട്.
കോൺഗ്രസിനു പതിവുപോലെ വിമതശല്യം കോർപറേഷനിലുമുണ്ട്. പത്തു ഡിവിഷനുകളിൽ വിമതന്മാർ പാർട്ടി സ്ഥാനാർഥികൾക്കു തലവേദനയാകുന്നു. ഭരണം കിട്ടിയാൽ മേയർ കസേര നോട്ടമിട്ട് മൂന്നിലധികം പേരുണ്ടെന്നതും ചർച്ചകളിലുണ്ട്. 76 ഡിവിഷനുകളുള്ള കൊച്ചി കോർപറേഷനിൽ 65ലും കോൺഗ്രസ് സ്ഥാനാർഥികളാണ്. മറ്റിടങ്ങളിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ.
പാളയത്തിലെ പട എൻഡിഎയിൽ ഏൽപിച്ച ക്ഷീണം മാറിയിട്ടില്ല. നിലവിൽ അഞ്ചു കൗൺസിലർമാരുള്ള എൻഡിഎയ്ക്ക് ഇക്കുറി നാലു സീറ്റുകളിൽ സ്ഥാനാർഥികളില്ല. ഭൂരിഭാഗം ഡിവിഷനുകളിലും മത്സരിക്കുന്ന ട്വന്റി 20യും മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
നിലവിൽ 74 ഡിവിഷനുകളിൽ 38 ഉം ഭരണകക്ഷിയായ എൽഡിഎഫിലാണ്. യുഡിഎഫിനു 31ഉം ബിജെപിക്ക് അഞ്ചും കൗൺസിലർമാർ. അടുത്ത കൊച്ചി മേയർ സ്ഥാനം വനിതയ്ക്കാണ്.
ജില്ലാ പഞ്ചായത്തിൽ നോട്ടമിട്ട്
യുഡിഎഫ് ഇതുവരെ കൈവിടാത്ത ജില്ലാ പഞ്ചായത്തിൽ ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 27ൽ 17ഉം യുഡിഎഫ് അംഗങ്ങളാണ്. എൽഡിഎഫ്-ഒന്‍പത്, ട്വന്റി 20 - ഒന്ന് എന്നതാണു നിലവിലെ കക്ഷിനില.
നിലവിലെ ഭരണ സമിതിയുടെ മികച്ച പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പൊതുസ്വഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതേസമയം, മികച്ച സ്ഥാനാർഥികളെ അവതരിപ്പിച്ചു ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 28 ഡിവിഷനുകളിലേക്കാണ് ഇക്കുറി മത്സരം നടക്കുന്നത്.
നഗരസഭകൾ നിറം മാറുമോ?
ജില്ലയിലെ നഗരസഭകളിൽ കാലങ്ങളായി യുഡിഎഫ് മേധാവിത്വമാണ്. നിലവിൽ ആകെയുള്ള 13ൽ ഒന്‍പതിലും യുഡിഎഫാണ് ഭരിച്ചത്. ഇക്കുറി സ്ഥിതി മാറുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
ആലുവ, അങ്കമാലി, മരട്, പറവൂർ, പെരുന്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, കളമശേരി, കൂത്താട്ടുകുളം നഗരസഭകളാണ് നിലവിൽ യുഡിഎഫിനുള്ളത്. തൃപ്പൂണിത്തുറ, പിറവം, ഏലൂർ, കോതമംഗലം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ഭരണം. അധ്യക്ഷപദവിയെച്ചൊല്ലി കലഹങ്ങൾ കണ്ട കൂത്താട്ടുകുളത്ത് ഒടുവിൽ യുഡിഎഫ് പിന്തുണച്ച കലാ രാജുവായിരുന്നു ചെയർപേഴ്സൺ.
പഞ്ചായത്തുകളിൽ പ്രവചനാതീതം
നിലവിൽ ആകെയുള്ള 82 ഗ്രാമപഞ്ചായത്തുകളിൽ 48ൽ യുഡിഎഫിനു ഭരണമുണ്ട്. 30ൽ എൽഡിഎഫാണ് ഭരിക്കുന്നത്. നാലിടത്ത് ട്വന്റി 20. അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണു മേൽക്കൈ. 14ൽ ഏഴിലും എൽഡിഎഫിനാണു ഭരണം.ആറിടത്ത് യുഡിഎഫും ഒന്നിൽ (വടവുകോട്-പുത്തൻകുരിശ്) ട്വന്റി 20യുമാണ്.
പ്രാദേശികസാഹചര്യങ്ങൾ തന്നെയാകും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ജയപരാജയങ്ങൾ നിർണയിക്കുകയെന്നുറപ്പ്.
ട്വന്റി 20 ഫാക്ടർ
നിലവിൽ ഭരണമുള്ള കിഴക്കന്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിൽ ഈ തെരഞ്ഞെടുപ്പിലും ട്വന്റി 20 നിർണായകമാണ്. ഐക്കരനാടിൽ പ്രതിപക്ഷമില്ല. കിഴക്കന്പലത്ത് ഒരു യുഡിഎഫ് സ്വതന്ത്രൻ മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
ഇക്കുറി തങ്ങളെ പരാജയപ്പെടുത്താൻ ഇടതു-വലതു മുന്നണികൾ പൊതുസ്ഥാനാർഥികളെയാണ് കിഴക്കന്പലത്തു മത്സരിപ്പിക്കുന്നതെന്നാണ് ട്വന്റി 20യുടെ ആക്ഷേപം. ആരോപണത്തിൽ വസ്തുതയെന്തെന്ന് ഇരുമുന്നണികളും വിശദീകരിച്ചിട്ടില്ലെങ്കിലും ട്വന്റി20യെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഇരുപക്ഷങ്ങളും ബിജെപിയും നന്നായി വിയർപ്പൊഴുക്കുന്നുണ്ട്. ഇക്കുറി വിവിധ നഗരസഭകളിലും കൊച്ചി കോർപറേഷനിലും ട്വന്റി20 സമാഹരിക്കുന്ന വോട്ടുകളെത്ര എന്നത് കേരളവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ്.
എറണാകുളം ജില്ല ഒറ്റ നോട്ടത്തിൽ
ആകെ സ്ഥാനാർഥികൾ- 7366
പുരുഷന്മാർ- 3451
സ്ത്രീകൾ- 3915
സ്ഥാനാർഥികളിൽ സ്ത്രീപ്രാതിനിധ്യം - 53.12 ശതമാനം
പോളിംഗ് സ്റ്റേഷനുകൾ- 3021
ആകെ വോട്ടർമാർ- 26,67,746
സ്ത്രീകൾ- 13,88,544
പുരുഷന്മാർ- 12,79,170
ട്രാൻസ്ജെൻഡർ- 32
Kerala
ജില്ലയിലെ 16.41 ലക്ഷം വോട്ടര്‍മാര്‍ തദ്ദേശവിധിയെഴുതാന് അഞ്ചു നാള് ബാക്കി. സ്വര്‍ണപ്പാളിയും രാഹുല്‍ മാങ്കൂട്ടത്തിലും കവല വര്‍ത്തമാനങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലും വിഷയമാകുമ്പോള്‍ കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല. പടിഞ്ഞാറന്‍ പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ല് വിറ്റുപോകാതെ തുലാമഴ നനയുന്ന ആധിയിലും ആശങ്കയിലുമാണ് നെല്‍കര്‍ഷകര്‍. നെല്ല് വിറ്റാല്‍ വില എന്നു കിട്ടുമെന്ന് സര്‍ക്കാർ പറയുന്നില്ല. കിഴക്കന്‍ മേഖലയില്‍ റബറിനു വിലയും നിലയുമില്ലാതെ വലയുകയാണ് കര്‍ഷകര്‍. റബര്‍ ജില്ല കൈതത്തോട്ടമായി മാറുമ്പോള്‍ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു.
ജില്ലയില്‍ വനം അതിരിടുന്ന 16 പഞ്ചായത്തുകളില്‍ വീടിനു വിളിപ്പാടകലെ കൃഷിയിടം ഉഴുതുപിഴുതെറിയുന്ന വന്യമൃഗങ്ങള്‍. ബഫര്‍സോണ്‍ ഭീഷണിക്കൊപ്പം കൈവശഭൂമിക്കു പട്ടയം ലഭിക്കാതെ വലയുന്ന മലയോരജനത.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിലും യുഡിഎഫും എല്‍ഡിഎഫും നേരിട്ടുപോരാടുമ്പോള് ഒരു സീറ്റിലും എന്‍ഡിഎയുടെ അട്ടിമറിക്കു സാധ്യതയില്ല. എന്നാല്‍ നാലു ഡിവിഷനുകളില്‍ തരക്കേടില്ലാത്ത നാലക്കം വോട്ടുപിടിച്ചു കാണിക്കാനുള്ള പ്രചാരണത്തിലാണ് ബിജെപി.
11 ബ്ലോക്ക് പഞ്ചായത്തുകളിലും മുഖ്യവൈരികള് യുഡിഎഫും എല്‍ഡിഎഫുമാണ്. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്, മുത്തോലി, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനോളം ബിജെപി വളര്‍ന്നു പന്തലിച്ചു. ജില്ലയിലെ ഇരുനൂറോളം പഞ്ചായത്ത് വാര്‍ഡുകളിലും അത്രതന്നെ നഗരസഭാ വാര്‍ഡുകളിലും പ്രവചനാതീതമായ ത്രികോണമത്സരമാണെന്നു വ്യക്തം. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന്-533, എല്‍ഡിഎഫിന്-786, എന്‍ഡിഎയ്ക്ക്-124, മറ്റുള്ളവര്‍ക്ക്-69 എന്ന കണക്കിനായിരുന്നു ആകെ പ്രാതിനിധ്യം. ആകെ 71 പഞ്ചായത്തുകളില്‍ 50 ഇടത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനായിരുന്നു ഭരണം. എന്നാല്‍, ആ ഇടതുതരംഗം നഗരസഭകളിലേറെയിടങ്ങളിലും പ്രതിഫലിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ട നിലംപൊത്താനിടയായത് തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ സഖ്യകക്ഷിയായി എത്തിയതാണെന്ന വിലയിരുത്തലില്‍ കഴമ്പുണ്ടെന്ന് വാര്‍ഡുതല വോട്ടുവിധി തലനാരിഴ കീറിയാല്‍ വ്യക്തമാണ്. പ്രത്യേകിച്ചും ഗ്രാമപഞ്ചായത്തുകളില്‍ പത്തോ ഇരുപതോ വോട്ടുകള്‍ക്കാണ് പലയിടത്തും യുഡിഎഫ് തോൽവി രുചിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ മുന്നേറുമ്പോള്‍ ജില്ലാ പഞ്ചായത്തിലെ പകുതിയോളം ഡിവിഷനുകളില്‍ വിജയം പ്രവചനാതീതമാണ്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂര്‍ ഡിവിഷനുകളില്‍ നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. പാര്‍ട്ടിയുടെ കരുത്തും അടിത്തറയും ആള്‍ബലവും അളന്നു കാണിക്കാനുള്ള അഭിമാനപ്രശ്നമാണ് മാണി-ജോസഫ് കേരള കോണ്‍ഗ്രസുകള്‍ക്ക്.
ജില്ലയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെയുള്ള 5,261 സ്ഥാനാര്‍ഥികളില്‍ 2,813 പേര് വനിതകളും 2,448 പുരുഷന്മാരുമാണ്. അതായത് മത്സരക്കളത്തില്‍ 365 വനിതകളുടെ മുന്‍തൂക്കമുണ്ട്. ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളിലായി 83 സ്ഥാനാര്‍ഥികള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 482 സ്ഥാനാര്‍ഥികള്‍. 71 പഞ്ചായത്തുകളില്‍ 4021 പേരുടെ പോരാട്ടം. ആറ് നഗരസഭകളില്‍ 675 സ്ഥാനാര്‍ഥികള്‍.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധിയും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും തദ്ദേശത്തിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട അതിരിടുന്ന ജില്ലയായതിനാലും ദേവസ്വം മന്ത്രിയുടെ നാടായതിനാലും ശക്തമായ പ്രതിഷേധ വികാരം വോട്ടര്‍മാരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണക്കെഴുത്ത്. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും വീറോടെ പോരാടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ യുഡിഎഫിന്റെ മുന്‍നിര നേതാക്കള്‍ പ്രചാരണത്തിനെത്തി. പി.ജെ. ജോസഫ് പാട്ടുവണ്ടിയുമായിട്ടായിരുന്നു പ്രചാരണം.
ആസന്നമായ തെരഞ്ഞെടുപ്പിലും സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അര്‍ഹമായ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയതായാണ് അവരുടെ പക്ഷം. എം.വി. ഗോവിന്ദന്, ബിനോയ് വിശ്വം, പി.സി. ചാക്കോ ഉള്‍പ്പെടെ നേതാക്കള്‍ എല്‍ഡിഎഫ് പ്രചാരണത്തിനെത്തി.
എന്‍ഡിഎ ഇത്തവണ 12 പഞ്ചായത്തുകളിലാണു ഭരണം ഉന്നമിടുന്നത്. പഴയ ജനപക്ഷത്തിന്റെ ബലത്തില്‍ പൂഞ്ഞാര്‍, തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാനാണ് ശ്രമം. വടക്കേ ഇന്ത്യയിലെ മിഷനറി പീഡനം അപ്രതീക്ഷിത ആഘാതമായെങ്കിലും നാല്പതിലേറെ പഞ്ചായത്തുകളില്‍ ഒന്നു മുതല്‍ ഏഴു വരെ വാര്‍ഡുകളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിർത്തി ബിജെപി രാഷ്ട്രീയ പരീക്ഷണത്തിലാണ്.
ആളൊഴിഞ്ഞ വീടുകളും ആള്ക്കാര് നാട്ടിലില്ലാത്ത സാഹചര്യവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ജനവിധിയില്‍ പ്രതിഫലിക്കും. ഒരു വാര്‍ഡില്‍ ശരാശരി അന്‍പതു മുതല്‍ നൂറു വരെ ന്യൂ ജെന്‍ വോട്ടുകള്‍ അയല്‍നാട്ടിലും വിദേശത്തുമായതിനാൽ സ്ഥാനാര്‍ഥികളുടെ ആശങ്ക ചെറുതല്ല.
Kerala
കോട്ടയം: പൂമാനം പൂത്തുലഞ്ഞു... വോട്ടെല്ലാം യുഡിഎഫിനായി... പാട്ടുപാടി വോട്ടര്‍മാരുടെ മനസ് കീഴടക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.ജെ. ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പാട്ടുപാടിയാണ് ജോസഫ് വോട്ടു തേടുന്നത്. ഈണം സന്ധ്യ എന്ന പേരിലാണ് ജോസഫും മകന് അപു ജോസഫും പ്രചാരണവേദികളില്‍ സംഗീത സായാഹ്നവുമായി എത്തുന്നത്.
തിങ്കളാഴ്ച കോട്ടയം അതിരമ്പുഴയില്‍ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ഥി ജയ്സണ്‍ ജോസഫിന്റെ പ്രചരണാര്‍ഥം അതിരമ്പുഴയില്‍ നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി പാട്ടും വര്‍ത്തമാനവുമായി ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകള്‍ അപുവും ആലപിച്ചു.
പി.ജെ. ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
വയനാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാഹുല്‍ വന്നല്ലോ, വയനാട്ടില്‍ വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ അന്നും പ്രചാരണത്തില്‍ താരമായിരുന്നു.
ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമര്‍ പ്രചാരകനായി പി.ജെ മാറിയിരിക്കുകയാണ്. കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.
Kerala
നിരവധി തെരഞ്ഞെടുപ്പുകൾക്കു ചുക്കാൻ പിടിച്ച കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും കേരള കോണ്‍ഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫ് എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന കാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ്.
ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരെയാണ് സ്ഥാനാർഥികളായി രംഗത്തിറക്കിയിരിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് ഏറെ അനുകൂലമാണെന്നും അദ്ദേഹം പറയുന്നു.
അതിനാൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. പ്രായം 84ൽ എത്തിയെങ്കിലും തെരഞ്ഞെടുപ്പെത്തിയതോടെ പ്രചാരണരംഗത്ത് ഏറെ സജീവമാണ് പി.ജെ. തെരഞ്ഞെടുപ്പ് കണ്‍വൻഷനുകളിൽ മണിക്കൂറുകൾ നീളുന്ന പ്രസംഗത്തിലൂടെ, സ്വർണപ്പാളി വിഷയത്തിലടക്കം എൽഡിഎഫിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം. ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
തദ്ദേശ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു?
ഇത്തവണ കേരളമൊട്ടാകെ യുഡിഎഫ് മുന്നേറ്റമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാന്ദിയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ പഞ്ചായത്തുകളുടേയും മറ്റു തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണം യുഡിഎഫ് പിടിച്ചെടുക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
തൊടുപുഴയിലെ യുഡിഎഫ് മഹാസംഗമം വിജയമായിരുന്നോ?
മൂന്നുദിവസംകൊണ്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളെല്ലാം തൊടുപുഴയിൽ ഒരു വേദിയിൽ എത്തിയത് യുഡിഎഫ് ഒറ്റക്കെട്ടാണെന്ന സന്ദേശമാണു നൽകുന്നത്. ഇതിന്റെ അലയൊലികൾ കേരളം മുഴുവൻ വ്യാപിക്കും.
സ്വർണപ്പാളി വിഷയം എൽഎഡിഎഫിനെ എങ്ങനെ ബാധിക്കും?
ശബരിമലയിലെ സ്വർണപ്പാളി വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാകും.1998ൽ വിജയ്മല്യ 24 കാരറ്റിന്റെ 34 കിലോ സ്വർണം പൊതിഞ്ഞ പാളികളാണ് കടത്തിക്കൊണ്ടുപോയത്. ഇവിടെ ഇളക്കിമാറ്റാൻ കഴിയുന്ന മുഴുവൻ പാളികളും കടത്തിക്കൊണ്ടുപോയി. ഗൂഢസംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് രേഖയിൽ സ്വർണപ്പാളികൾ എന്നതു വെട്ടിത്തിരുത്തി ചെന്പാണെന്ന് എഴുതിച്ചേർക്കുകയായിരുന്നു. കോടതിയുടെ പ്രത്യേക നിരീക്ഷണത്തിൽ നടത്തുന്ന അന്വേഷണമായതിനാൽ മുഴുവൻ പ്രതികളും പിടിക്കപ്പെടുമെന്നാണു വിശ്വാസം.
കേരള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ വിജയം?
തൊടുപുഴ നഗരസഭയിലടക്കം പാർട്ടി സ്ഥാനാർഥികൾ വൻ വിജയം നേടും. കേരള കോണ്‍ഗ്രസ്-എമ്മുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഭൂരിഭാഗം സീറ്റുകളിലും കേരള കോണ്‍ഗ്രസ് വിജയിക്കും. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടുകയെന്നതിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
എൽഡിഎഫ് ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
പൊള്ളയായ വാഗ്ദാനങ്ങളാണ് സർക്കാരിന്റേത്. ചോറ് വെന്തോ എന്നറിയാൻ ഏതാനും വറ്റുകൾ എടുത്തു നോക്കിയാൽ മതി. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. തൊടുപുഴ നിയോജകമണ്ഡലത്തിൽ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പട്ടിണിയിലാണ്. പ്രകടനപത്രികയിലെ കാര്യങ്ങൾ പലതും ഇനിയും നടപ്പാക്കിയിട്ടില്ല. സർക്കാർ തലത്തിൽ അഴിമതി സാധാരണമായിരിക്കുകയാണ്.
ഇടുക്കി പാക്കേജ്?
മുഖ്യമന്ത്രി 12,000 കോടിയുടെ പാക്കേജാണ് ഇടുക്കിക്കായി പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ ചെലവഴിച്ചത് 56 കോടി രൂപ മാത്രമാണ്. ഫലത്തിൽ പാഴായ പാക്കേജാണിത്. ഇടുക്കിയിലെ ജനങ്ങളുടെ ദുരിതമകറ്റാനുള്ള പദ്ധതികളൊന്നും കാര്യമായി നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കാർഷികമേഖലയുടെ തകർച്ച സർക്കാരിനെതിരേ ജനവികാരം അലയടിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേരളത്തിന്റെ വികസനത്തെക്കുറിച്ച്?
സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത സർക്കാരാണിത്. വികസനത്തിനും തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനും ആവശ്യമായ പുതിയ പദ്ധതികൾ കൊണ്ടുവരാനായിട്ടില്ല. പുതിയ സ്റ്റാർട്ടപ്പുകളെക്കുറിച്ചു പറയുന്നതല്ലാതെ ഇതിൽ എത്രയെണ്ണം ആരംഭിക്കാൻ കഴിഞ്ഞു എന്നതിൽ സംശയമുണ്ട്. കേരളത്തിൽനിന്നു പുതുതലമുറ വിദേശത്തേക്കു തൊഴിൽ തേടി പോകുന്ന സാഹചര്യമാണുള്ളത്. അവരെ ഇവിടെ പിടിച്ചുനിർത്താൻ കഴിയുന്ന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസമേഖലയിൽ ഉൾപ്പെടെ സമഗ്രമാറ്റം കൊണ്ടുവന്നേ മതിയാകൂ. തൊഴിലധിഷ്ഠിത കോഴ്സുകളടക്കം ആരംഭിക്കേണ്ടതുണ്ട്. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും കഴിയണം. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാനും അതു യഥാസമയം കർഷകനു ലഭിക്കാനും നടപടിയുണ്ടാകണം. ഇതിന് ആവശ്യമായ കർമപദ്ധതികൾ നടപ്പാക്കണം.
Kerala
തിരുവനന്തപുരം: എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്.
മറ്റു മക്കൾ സരോജഗോമസ്, എ.ജെ. വിജയൻ, പ്രസന്ന പീറ്റർ, എ.ജെ. സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, ഐ.എ. പീറ്റർ , ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൂന്തുറ സെന്റ്. തോമസ് ദേവാലയത്തിൽ.
District News
കോതമംഗലം: കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃയോഗം പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിലെ ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ പാർട്ടിയുടെ സീറ്റുകളിൽ മത്സരിക്കാൻ നിശ്ചയിച്ച സ്ഥാനാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.
പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. റ്റി.പൗലോസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി. യു.കുരുവിള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമി തെക്കേക്കര,റോയി സ്കറിയ, സി.കെ.സത്യൻ, റാണിക്കുട്ടി ജോർജ്,ബാബു പോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് അമ്പാട്ട്,
ബിജു വെട്ടിക്കുഴ, ആന്റണി ഓലിയപ്പുറം,ജോജി സ്കറിയ , ജില്ലാ സെക്രട്ടറിമാരായ കെ.എം.എൽദോസ്, കെ.എം. ആന്റണി, കർഷക യൂണിയൻ നേതാക്കളായ ജോണി പുളിന്തടം, സജി തെക്കേക്കര, ജോസ് തുടുമ്മൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൽദോസ് വർഗീസ്, ജോസ് കവളമാക്കൽ, ഷാജി അമ്പാട്ടുകുടി, തോമസ് തെക്കേക്കര, വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിസി പോൾ , യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസഫ് കിരൺ എന്നിവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: വെൽഫെയർ പാർട്ടിയോടുള്ള നിലപാട് വ്യക്തമാക്കി യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് പുതിയ തീരുമാനം. കോൺഗ്രസ് നിലപാട് ലീഗിനെ അറിയിച്ചു.
ഇതോടെ കോഴിക്കോട് കഴിഞ്ഞ തവണ നൽകിയ ജില്ലാ പഞ്ചായത്ത് സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. വെൽഫയർ പാർട്ടി ശക്തമായ മുക്കത്ത് അടക്കം പരസ്യധാരണയില്ല. കോഴിക്കോട് ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് അടക്കം 33 സീറ്റിൽ കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു.
മലപ്പുറത്ത് 35 ഇടത്തും കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 25 സീറ്റും കോഴിക്കോട് 11 സീറ്റുമാണ് കഴിഞ്ഞ തവണ വെൽഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത്.
District News
കടുത്തുരുത്തി: കേരള കോണ്‍ഗ്രസ് കുടുംബ സംഗമവും ആദ്യകാലപ്രവര്‍ത്തകരെ ആദരിക്കലും ഇന്നു നാലിന് കല്ലംപാറ കൃഷിഭവനു സമീപമുള്ള ബിനോയി മാമ്മൂടിന്റെ ഭവനത്തില്‍ നടക്കും.
കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറയുടെ അധ്യക്ഷതയില്‍ നടക്കുന്ന കുടുംബസംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കലും കേരള കോണ്‍ഗ്രസിലേക്കു പുതിയതായെത്തുന്ന പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണവും കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി നിര്‍വഹിക്കും.
District News
അങ്ങാടിപ്പുറം: തിരൂർക്കാട് -ആനക്കയം റോഡിന്റെ അറ്റകുറ്റ പ്രവൃത്തിയിൽ തട്ടിപ്പ് നടന്നതായി കേരള കോൺഗ്രസ് മങ്കട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ആരോപിച്ചു. പേരിന് കുഴിഅടച്ച് പണിപൂർത്തിയാക്കിയ സ്ഥലങ്ങളിൽ രണ്ടു മഴ അടുപ്പിച്ചു പെയ്തപ്പോഴേക്കും സർവത്ര കുഴികൾ ആയി മാറിയത്,കരാറുകാരന്റെ തട്ടിക്കൂട്ട് പണിമൂലമാണെന്ന് യോഗം ആരോപിച്ചു.
ഈ കരാറുകാരനെ കൊണ്ട് തന്നെ അടിയന്തരമായി വീണ്ടും പ്രവൃത്തിനടത്തിപ്പിക്കാൻ പിഡബ്ല്യുഡി തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് റോയ് തോയക്കുളംഅധ്യക്ഷത വഹിച്ചു.അങ്ങാടിപ്പുറം പഞ്ചായത്തിൽ ഇടതുമുന്നണിയുടെ വികസനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച ഇടത് സ്വതന്ത്ര മെമ്പറെ യോഗം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ്,വൈസ് പ്രസിഡന്റ് കെ. എം. ഇഗ്നേഷ്യസ്,ജനറൽ സെക്രട്ടറി ജോസി വർഗീസ്,മണ്ഡലം പ്രസിഡൻറ് ബാബു വർഗീസ്കോലാനിക്കൽ,പി. എം .ജോർജ് ,ജോയ് ഓലിക്കര,സജീഷ് ഫിലിപ്പ്, എം. എസ് .ആന്റണി, സി.എ.തോമസ്,കെ .എം. ജോഷ്വാ ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Kerala
കോട്ടയം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ഘടക കക്ഷിയായ സിപിഐ ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നപ്പോഴാണ് കേരള കോണ്‍ഗ്രസ് എം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തുവന്നത്.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചു മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു പദ്ധതി അത് കേന്ദ്രസര്ക്കാരിന്റേതായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. പിഎം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാനാവില്ല. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍നിന്നും പൂര്‍ണമായും ഒഴിവായി നില്ക്കാന് കേരളത്തിന് സാധിക്കുകയില്ല. സര്‍വശിക്ഷ അഭിയാന് എസ്എസ്എ പദ്ധതിയില്‍ 2023-24ല്‍ 1031 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
2024-25ല്‍ ഒരു രൂപ പോലും ലഭിച്ചില്ല. അതിന്റെ കാരണം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാതിരുന്നതാണ്.മാത്രമല്ല നിരവധി അധ്യാപകര്‍ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല.
കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
District News
ആലപ്പുഴ: കേരള കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറ വിപുലമായതിന്റെ അടിസ്ഥാനത്തിന് വരുന്ന ത്രിതല പഞ്ചായത്ത്- മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തലങ്ങളിലും കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും.
സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്ന ചമ്പക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷന് കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച് പരാജയപ്പെട്ടു. ചമ്പക്കുളം ഡിവിഷന് ഉള്‍പ്പെടെ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും ഇത്തവണ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വത്തിനോട് ആവശ്യപ്പെടാന്‍ ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി കല്ലറയ്ക്ക്ന് അധ്യക്ഷനായി. ഉന്നതാധികാരസമിതി അംഗങ്ങളായ സിറിയക് കാവില്‍, അഡ്വ. കെ.ജി. സുരേഷ്, സാബു തോട്ടുങ്കല്‍, ജോസ് കാവനാടന്‍, ഈപ്പന് നൈനാന്, ഗണേശ് പുലിയൂര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
NRI
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിൽ സുശക്തമായ നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ്.
പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് അപു അറിയിച്ചു.